• സർവകലാശാലകളിൽ പിഎച്ച്ഡി പ്രവേശനത്തിന് യുജിസി നെറ്റ് പരീക്ഷയിലെ മാർക്ക് മാനദണ്ഡമാക്കിക്കൊണ്ട് യുജിസി ഉത്തരവിറക്കി.
• 2024-25 അധ്യയനവർഷം മുതൽ ഇത് നടപ്പിലാകും.
• നിലവിൽ വിവിധ സർവകലാശാലകൾ തങ്ങളുടെ പിഎച്ച്ഡി പ്രവേശനത്തിന് പ്രത്യേകം പരീക്ഷകളാണ് നടത്തുന്നത്. ഇത് കാരണം പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ വിവിധ പ്രവേശന പരീക്ഷകൾ എഴുതേണ്ടി വരുന്ന സാഹചര്യമാണുള്ളത്.
• ഈ പരീക്ഷകൾ ഏകീകരിക്കുന്നതിനാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായി പിഎച്ച്ഡി പ്രവേശനത്തിന് നെറ്റ് സ്കോർ മാനദണ്ഡമാക്കുന്നതെന്ന് യുജിസി വ്യക്തമാക്കി.
• അടുത്ത ജൂൺമുതൽ മൂന്നു വിഭാഗങ്ങളായാണ് നെറ്റ് യോഗ്യത നേടാനാവുക. (1) പിഎച്ച്ഡി പ്രവേശനത്തിനും ജെആർഎഫിനും കോളജ് അധ്യാപകനാകാനും യോഗ്യത നേടാം.
(2) ജെആർഎഫില്ലാതെ പിഎച്ച്ഡി പ്രവേശനത്തിനും കോളജ് അധ്യാപകനാകാനും യോഗ്യത നേടാം.
(3) പിഎച്ച്ഡി പ്രവേശനത്തിന് മാത്രമായും യോഗ്യത നേടാം.
• നെറ്റ് ഫലം പെർസന്റയിലായും മാർക്കായും പ്രഖ്യാപിക്കും. പിഎച്ച്ഡി പ്രവേശനത്തിന് മാർക്ക് ഉപയോഗിക്കാം.
• ജെആർഎഫ് യോഗ്യത നേടിയ വിദ്യാർഥികൾക്ക് അഭിമുഖം വഴി പിഎച്ച്ഡിക്ക് പ്രവേശനം നൽകും.
• രണ്ടും മൂന്നും വിഭാഗത്തിൽ പിഎച്ച്ഡി പ്രവേശനത്തിന് നെറ്റ് പരീക്ഷയിലെ മാർക്കിന് 70 ശതമാനവും അഭിമുഖത്തിന് 30 ശതമാനവും വെയ്റ്റേജ് നൽകും.
• നെറ്റ് ഫലം പ്രസിദ്ധീകരിച്ച് ഒരു വർഷത്തേക്കാണ് പിഎച്ച്ഡി പ്രവേശനം നേടാൻ മാർക്കിന് കാലാവധിയുണ്ടാകുക.
0 Comments