▪️1991-ൽ ഇന്ത്യ നവ സാമ്പത്തിക നയം (New Economic Policy) നടപ്പിലാക്കിയത് കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നായിരുന്നു (വിദേശ നാണ്യ ശേഖരത്തിലെ കുറവ്, ഗൾഫ് യുദ്ധം, ഉയർന്ന ധനക്കമ്മിയും പണപ്പെരുപ്പവും തുടങ്ങിയവ). ഇതിനെ സാമ്പത്തിക പരിഷ്കാരങ്ങൾ (Economic Reforms) അല്ലെങ്കിൽ LPG (Liberalization, Privatization, Globalization) Policy എന്നും വിളിക്കുന്നു.
▪️ ഇതിൻ്റെ ഭാഗമായി 1991 ജൂലൈ 24-ന് നവ വ്യവസായ നയം പ്രഖ്യാപിച്ചു.
▪️ഭരണപരവും നിയമപരവുമായ നിയന്ത്രണങ്ങളിൽ നിന്ന് ഇന്ത്യൻ വ്യവസായ മേഖലയെ മോചിപ്പിക്കുക എന്നതായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം.
▪️രാജ്യത്തെ വ്യവസായ മേഖലയിലെ നിയന്ത്രണങ്ങൾ ഗണ്യമായി കുറച്ചുകൊണ്ട്, വ്യവസായ കാര്യക്ഷമത അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്നതും ഇതിന്റെ ലക്ഷ്യമായിരുന്നു.
✅1991-ലെ നവ വ്യവസായ നയത്തിന്റെ പ്രധാന സവിശേഷതകൾ
▪️ലൈസൻസ് സമ്പ്രദായം നിർത്തലാക്കി (Delicensing): പ്രതിരോധം, ആണവോർജ്ജം തുടങ്ങി നിശ്ചിത 18 വ്യവസായങ്ങൾ ഒഴികെ മറ്റെല്ലാ മേഖലകളിലെയും ഇൻവെസ്റ്റ്‌മെന്റ് പരിധി നോക്കാതെ തന്നെ വ്യവസായ ലൈസൻസിംഗ് നിർത്തലാക്കി. പിൽക്കാലത്ത് ഇതിൽ പലതും ഒഴിവാക്കപ്പെട്ടു, നിലവിൽ അഞ്ചോളം മേഖലകളാണ് ലൈസൻസിങ്ങിൻ്റെ പരിധിയിൽ വരുന്നത്.
▪️വിദേശ നിക്ഷേപം (Foreign Investment): ഉയർന്ന സാങ്കേതികവിദ്യയും നിക്ഷേപവും ആവശ്യമുള്ള മുൻഗണനാ വ്യവസായങ്ങളിൽ വിദേശ മൂലധന നിക്ഷേപ പരിധി 40 ശതമാനത്തിൽ നിന്ന് 51 ശതമാനമായി ഉയർത്തി.
▪️വിദേശ സാങ്കേതികവിദ്യ (Foreign Technology): വിദേശ സാങ്കേതിക വിദ്യാ കരാറുകൾക്ക് 200 കോടി രൂപ വരെയുള്ള പരിധിയിൽ ഓട്ടോമാറ്റിക് അനുമതി നൽകി. (ആഭ്യന്തര വിൽപ്പനയ്ക്ക് 5% റോയൽറ്റിയും കയറ്റുമതിക്ക് 8% റോയൽറ്റിയും എന്ന വ്യവസ്ഥയ്ക്ക് വിധേയമായി).
▪️ഫോറിൻ ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ ബോർഡ് (FIPB): വിദേശ നിക്ഷേപ നിർദ്ദേശങ്ങൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി FIPB സ്ഥാപിച്ചു. എഫ്.ഡി.ഐ (FDI) നിർദ്ദേശങ്ങൾക്കായുള്ള സിംഗിൾ വിൻഡോ ക്ലിയറിംഗ് ഏജൻസിയായി ഇത് പ്രവർത്തിക്കുന്നു.
▪️വ്യവസായ സ്ഥാന നയം (Industrial Location Policy): പത്തു ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള നഗരങ്ങളൊഴികെ മറ്റുള്ള ഇടങ്ങളിൽ വ്യവസായ ലൈസൻസ് ആവശ്യമില്ല. ജനസംഖ്യ പത്തു ലക്ഷത്തിന് മുകളിലുള്ള നഗരങ്ങളിൽ, മലിനീകരണമുണ്ടാക്കാത്ത വ്യവസായങ്ങൾ ഒഴികെയുള്ളവ നഗരപരിധിയിൽ നിന്ന് 25 കിലോമീറ്റർ അകലെ മാത്രമേ സ്ഥാപിക്കാൻ പാടുള്ളൂ.
▪️MRTP പരിധി എടുത്തുകളഞ്ഞു: ഒരു കമ്പനിയെ MRTP കമ്പനിയായി തരംതിരിക്കുന്നതിനുള്ള 100 കോടി രൂപ എന്ന ആസ്തി പരിധി നീക്കം ചെയ്തു. ഇത്തരം കമ്പനികളെ ഓരോ കേസും പരിശോധിച്ച് പ്രത്യേകമായി അംഗീകരിക്കാൻ തീരുമാനിച്ചു.
▪️നിർബന്ധിത പരിവർത്തന വ്യവസ്ഥ (Convertibility Clause) നിർത്തലാക്കി: ധനകാര്യ സ്ഥാപനങ്ങൾ സ്വകാര്യ കമ്പനികൾക്ക് നൽകുന്ന വായ്പയുടെ ഒരു ഭാഗം ഭാവിയിൽ ഇക്വിറ്റി (ഓഹരി) ആയി മാറ്റാം എന്ന വ്യവസ്ഥയായിരുന്നു ഇത്. ഈ നിബന്ധന ഒഴിവാക്കി.
▪️ചെറുകിട വ്യവസായങ്ങൾക്കുള്ള പുതിയ നയം: ചെറുകിട വ്യവസായങ്ങളുടെ പ്രോത്സാഹനത്തിനായി 1991 ഓഗസ്റ്റിൽ സർക്കാർ പ്രത്യേക നയം പ്രഖ്യാപിച്ചു.
▪️ BIFR-ന്റെ പരിധി: സ്വകാര്യ സ്ഥാപനങ്ങളെപ്പോലെ തന്നെ, നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെയും (Sick PSUs) ബോർഡ് ഫോർ ഇൻഡസ്ട്രിയൽ ആൻഡ് ഫിനാൻഷ്യൽ റീകൺസ്ട്രക്ഷന്റെ (BIFR) പരിധിയിൽ കൊണ്ടുവന്നു.
▪️ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ (Disinvestment): പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കുന്ന പ്രക്രിയയ്ക്ക് തുടക്കം കുറിച്ചു.
0 Comments